COVID 19 -ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ, പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ല

 

ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ, പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ല


* ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കും

റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിൻമെന്റ് സോൺ) പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റു പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും.

ഹോട്ട്സ്പോട്ടുകൾ ഉള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തിൽ ഈ വാർഡും അതിനോട് ചേർന്നുകിടക്കുന്ന വാർഡുകളും അടച്ചിടും.

ഗ്രീൻ സോൺ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.  കേന്ദ്ര സർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ നടപ്പാക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. പൊതുഗതാഗതം അനുവദിക്കില്ല. കേരളത്തിൽ ഒരു സോണിലും ബസ് ഗതാഗതം ഈ ഘട്ടത്തിൽ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ).

ടൂവീലറുകളിൽ പിൻസീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവർക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ).

ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ പാടില്ല. സിനിമാ തിയറ്റർ, ആരാധനാലയങ്ങൾ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.

പാർക്കുകൾ, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല. മദ്യഷോപ്പുകൾ ഈ ഘട്ടത്തിൽ തുറന്നു പ്രവർത്തിക്കില്ല.

മാളുകൾ, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഉണ്ടാവില്ല. എന്നാൽ, ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിവാഹ/മരണാനന്തര ചടങ്ങുകളിൽ ഇരുപതിലധികം ആളുകൾ പാടില്ല. (കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ വിവാഹ ചടങ്ങുകൾക്ക് അമ്പതിൽ കുറയാതെ ആളുകളെ പങ്കെടുപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്).

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ സംബന്ധമായ ജോലികൾ നടത്തേണ്ടി വന്നാൽ മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം. ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാൻ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാൻ പാടില്ല. (പെട്ടെന്ന് പറയുന്നതുകൊണ്ട് ഈ ഞായറാഴ്ച (മെയ് 3) അത് പൂർണതോതിൽ നടപ്പിൽവരുത്തണം എന്ന് നിർബന്ധിക്കില്ല. എന്നാൽ, തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ നിലവിൽ വരും. മുഴുവൻ ജനങ്ങളും അതുമായി സഹകരിക്കണം)

അവശ്യ സർവ്വീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെ രീതിയിൽ തന്നെ മെയ് 15 വരെ പ്രവർത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകണം.

ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാൻ അനുമതി നൽകും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.

ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റാറന്റുകൾക്ക് പാഴ്സലുകൾ നൽകാൻ തുറന്നുപ്രവർത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.

ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഈ ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്കു ബാധകമാണ്.

ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, യൂബർ പോലുള്ള കാമ്പ് സർവീസുകൾ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

ഹോട്ട്സ്പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ അന്തർ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രം) അനുമതി നൽകും. കാറുകളിൽ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രമേ പാടുള്ളൂ. ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റ് വേണ്ടതില്ല.

അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോട്ട്സ്പോട്ടിലൊഴികെ ജനങ്ങൾക്ക് പുറത്തിറങ്ങാം. എന്നാൽ, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളിൽ തന്നെ കഴിയണം. വൈകിട്ട് 7.30 മുതൽ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.

അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറിൽ പിൻസീറ്റ് യാത്രയ്ക്ക് അനുവാദമില്ല.

കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകൾ തുടരും. കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളിൽ പ്രഭാത സവാരി അനുവദിക്കും.

ഇത്തരം പൊതുവായ സമീപനം സ്വീകരിക്കുമ്പോൾ തന്നെ ഓരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ സമർപ്പിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളിൽ അടയ്ക്കാൻ ആഴ്ചയിൽ ഒരുദിവസം ഹോട്ട്സ്പോട്ടുകളിലൊഴികെ അനുവാദം നൽകും. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാൻ അനുമതി നൽകും.

വ്യവസായിക/വാണിജ്യ വൈദ്യൂതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് ആറു മാസത്തെ സാവകാശം നൽകാനും ലേറ്റ് പെയ്മെന്റ് സർചാർജ് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഈ ഇളവുകൾ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ശുപാർശ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !